തിരച്ചിൽ
**********
ഞാൻ തിരഞ്ഞത്
എന്നെത്തന്നെയായിരുന്നു
നിന്റെ മൗനത്തിലും
ദുഃഖത്തിലും
പുഞ്ചിരിയിലുമെല്ലാം
എനിക്കു നഷ്ടമായതും
എന്നെയായിരുന്നു
ആ കണ്ണുകളിലെ
തിളക്കത്തിൽ
ഞാനുണ്ടായിരുന്നു
അധരങ്ങളേക്കാൾ
വശ്യമായ്
നിൻ നയനങ്ങൾ
ചിരിച്ചപ്പോഴാണു
ഞാൻ എന്തെല്ലാമോ
നേടിത്തുടങ്ങിയെന്ന
വീണ്ടുവിചാരമുണ്ടായത്
അതുപക്ഷേ
തുടക്കമായിരുന്നു
എനിക്ക് എന്നെ നഷ്ടമാകുന്നതിന്റെ
കലാലയമുറ്റത്തെ മാഞ്ചോട്ടിൽ
നിന്നെക്കാത്തിരിക്കുമ്പോഴും
ഞാനോർത്തിരുന്നില്ല
എന്റെ നഷ്ടങ്ങളെ
ഒരു സായം സന്ധ്യയിൽ
കുഞ്ഞോളങ്ങളോട് കിന്നാരം മൂളിയിരിക്കവെ
ഞാൻ തിരയുകയായിരുന്നു
എന്നെത്തന്നെ
കാലങ്ങളെ ആർജ്ജവത്തോടെ
പിറകോട്ട് കൊണ്ടുപോകാനുള്ള
കഴിവിനെ ഞാൻ ആരാധിച്ചു തുടങ്ങിയത്
നിന്റെ ഇമ്പമുള്ള സ്വരത്തിലൂടെയായിരുന്നോ
എന്നിട്ടും എനിക്കു
മനസ്സിലായില്ല
എന്നെ എവിടെയാണു നീ ഉളിപ്പിച്ചിരിക്കുന്നതെന്നു
കവിതകളിലും
പിന്നെ വരികൾക്കിടയിലും
ഞാൻ പിന്നെയും
വെറുതെ തേടിക്കൊണ്ടിരുന്നു
ഓരോ നിമിഷത്തിലും
പുതിയപുതിയ പ്രതീക്ഷകളും
അറിവുകളുമായ് നീയെന്നെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു
പിന്നെയെപ്പോഴോ
എനിക്കു ബോധ്യമാായ്
തിരച്ചിലുകൾ അവസാനിക്കാൻ
ഞാൻ ആഗ്രഹിക്കുന്നില്ലെന്നു
നിന്നെപ്പോലെ
മൂന്നു വയസ്സുകാരന്റെ കുസൃതിയും
കൗമാരക്കാരന്റെ കൗതുകവും
യൗവ്വനത്തിന്റെ കുതിപ്പുകളുമായ്
ഞാനിന്നും തിരയുകയാണു
അവസാനിക്കാത്ത സമസ്യയിൽ
എന്നെത്തന്നെ.
--------------
കിനാവ്
No comments:
Post a Comment